2019, ഏപ്രിൽ 20, ശനിയാഴ്‌ച

ദേഷ്യം

എല്ലാത്തിനോടും ദേഷ്യം ആണെനിക്ക്
എല്ലാവരോടും ദേഷ്യം ആണെനിക്ക്
മൂക്കിന്റെ തുമ്പത്താണ് എന്റെ ദേഷ്യം

എന്റെ ദേഷ്യം എന്റെ കുഞ്ഞിനെ തള്ളി താഴെ ഇട്ടു
കുഞ്ഞിന്റെ ചുണ്ടു മുറിഞ്ഞു ചോര വന്നു
എന്നിട്ടും എന്റെ ദേഷ്യം താഴെ വീണില്ല

എന്റെ ഭാര്യ എന്നോട് ദേഷ്യപ്പെട്ടു
എല്ലാവരും എന്നെ ഉപദേശിച്ചു
എന്നിട്ടും എന്റെ ദേഷ്യം താഴെ വീണില്ല

എന്റെ കുഞ്ഞിന്റെ കണ്ണീർ തുള്ളികൾ താഴെ വീണു
എന്റെ കുഞ്ഞിന്റെ ചോരത്തുള്ളികൾ താഴെ വീണു
എന്റെ ദേഷ്യം താഴേക്കു കുതിച്ചു

എന്റെ കുഞ്ഞു ഇപ്പോളെന്റെ നെഞ്ചിൽ കിടക്കുകയാണ്
ഇപ്പോളെനിക്ക് ദേഷ്യം ഇല്ല
പക്ഷെ എന്നിലെ അഹന്ത ഇപ്പോളും മുകളിലുണ്ട്
എന്നിലെ ദേഷ്യത്തിനെ മുകളിലേക്ക് പിടിച്ചു കയറ്റുന്നു

2016, ഏപ്രിൽ 9, ശനിയാഴ്‌ച

വേനൽ മഴ

വേനൽ മഴ



ഉരുകിയൊലിച്ചൊരീ ഭൂമി തൻ മാറിൽ 
കുളിർ മഴയായി നീ പെയ്തുവല്ലോ.

വേനൽ മഴയേ നിനക്കൊരുപാട് നന്ദി....
എന്നുള്ളം കുളിർപ്പിച്ച്‌ നീ പെയ്തൊഴിഞ്ഞില്ലേ

വേനൽ മഴ പെയ്യുന്നത് മാമ്പഴം പഴുക്കുവാനത്രേ!!
പിന്നെ, വേഴാമ്പലിൻ ദാഹമകറ്റുവാനത്രേ!!

എന്തെന്നിരുന്നാലും ഈ ഭൂമി തൻ താപം കുറഞ്ഞു.
പെയ്ത മഴ തുള്ളികൾ നീരാവിയായ്‌ തീരുന്നതിനു മുന്നേ പെയ്യണേ നീ ഇനിയും , എൻ വേനൽ മഴയെ!!


അടി കുറിപ്പ് :

2015, മേയ് 9, ശനിയാഴ്‌ച

നന്ദിത


ഹോ നന്ദിതേ !!!!!
എന്തു മൂർച്ചയാണ് നിന്റെ വരികൾക്ക്
എന്നുമെന്നും ഒരഗ്നിയിൽ എരിഞ്ഞു തീരാൻ ആഗ്രഹിചിരുന്നവളേ....
നിന്റെ കണ്ണുകൾ കുതിരുന്നത് മറ്റാരും കാണാതെ പോയോ?
ആരും കണ്ടില്ല, ഒന്നുമേ അറിഞ്ഞുമില്ല
നീ ഈ ലോകത്തോട്‌ വിടപറയും വരെ....

നിൻ വേദനകളും സ്വപ്നങ്ങളും തേങ്ങലും ഒരു തൂലികതുമ്പിനാൽ നീ കുറിച്ചിട്ടു
മറ്റാരുമറിയാതെ......
അറിയില്ല ആർക്കും നിന്നെ.....മനസിലാകില്ലാർക്കും നിന്നെ....

ആ വാക പൂക്കൾ തന്നുവോ നിനക്ക് വേണ്ടി?
ആ തുളസിച്ചെടി കതിർ തന്നുവോ നിനക്ക് ചൂടുവാനായി?
സ്വർണക്കൊലുസുകൾ സമ്മാനിച്ചുവോ ആ കൊന്ന മരം?
ഗുൽമോഹർ പൂത്തുവോ നീ നടക്കും വഴികളിൽ?

പൂക്കൾ നിറഞ്ഞ പൂക്കൂടയുമായി,
നെറ്റിയിൽ ചന്ദനത്തിന്റെ തണുപ്പുമായി,
തുളസിക്കതിർ ചൂടിയ മുടിക്കെട്ടുമായി,
നിന്നെ ഞാൻ കാണുന്നു......ആ ഗുൽമോഹർ പൂത്തു വീണ വഴികളിലൂടെ....
അപ്പോൾ ആകാശത്തിന്റെ നിറം ചുവപ്പായിരിക്കും.....


സമർപ്പണം:

നന്ദിതയ്ക്ക് , മരണത്തിനു ശേഷം ലോകം അറിഞ്ഞവൾക്ക്.

2014, നവംബർ 29, ശനിയാഴ്‌ച

പൊതിച്ചോറ്


                    എട്ടാം തരം മുതൽ പത്താം തരം വരെ ഞാൻ കുറച്ചു അകലെ ഉള്ള സർക്കാർ വിദ്യാലയത്തിൽ ആണ് പഠിച്ചിരുന്നത്. അത് എന്റെ അമ്മാമയുടെ വീടിന്റെ അടുത്താണ് താനും. ബസ്സിൽആയിരുന്നു എന്നും യാത്ര ചെയ്തിരുന്നത്. ഈ വിദ്യാലയത്തിൽ ചേരുന്നതിനു മുന്പ് വരെ ബസ്‌ യാത്ര എന്നത് വലിയ സംഭവം ആയിരുന്നു. അതാണെങ്കിലൊ അമ്മയോ അച്ഛനോ കൈ വിടാതെ കൂടെ ഉണ്ടാവും. ഈ സ്കൂളിൽ പോയി തുടങ്ങിയപ്പോഴാണ് ആദ്യായി ഒറ്റയ്ക്ക് പോവാൻ തുടങ്ങിയത്.

                    വലിയ ബാഗ് ഒക്കെ താങ്ങി ആയിരുന്നു പോക്ക്. പുസ്തകകെട്ടിനോപ്പം അമ്മ ചോറ്റുപാത്രം നിറയെ ചോറും കറികളും തന്നു വിടും എന്ന് എടുത്തു പറയേണ്ടതില്ലലോ. പുസ്തകം മാത്രം അല്ല ഭക്ഷണം കൂടി കഴിച്ചാൽ അല്ലെ വലുതാവുള്ളു!!!! ഉച്ചയ്ക്ക് മണി മുഴങ്ങുമ്പോൾ ബാഗ് തുറന്നു പാത്രം എടുത്തോണ്ട് ഒരു ഓട്ടം ആണ്. ഏറ്റവും നല്ല സ്ഥലം കണ്ടു പിടിക്കാൻ . പിന്നെ കൈയിട്ടു വാരലായി കഴിക്കലായി , എന്ത് രസമായിരുന്നു.

                    അങ്ങനെ ഒരു ദിവസം ഉച്ചക്കുള്ള കൂട്ടമണി മുഴങ്ങി ബാഗ് തുറന്നു പാത്രം എടുക്കാൻ നോക്കിയപ്പോൾ തഥൈവ....മറന്നു...ചോറ്റു പാത്രം ബാഗിൽ വയ്ക്കാൻ ഞാൻ മറന്നു. ഇത്ര നേരം ഇല്ലാതിരുന്ന വിശപ്പ്‌ വന്നോന്ന് ഒരു സംശയം പോലെ. എന്നെ കാണാത്തത് കൊണ്ട് കൂട്ടുകാരൻ വന്നു കാര്യം തിരക്കി. "പാത്രം എടുക്കാൻ മറന്നു പോയെടാ" എന്ന് ഞാൻ അവനെ അറിയിച്ചു. "അത്രേയുള്ളോ... നീ  വാ നമുക്ക് എന്റെ പാത്രത്തിൽ നിന്ന് കഴിക്കാം" എന്നായി അവൻ. ആ സമയത്ത് എന്റെ മനസ്സിൽ ഏതോ ഒരു ദുരഭിമാനം വന്നു. ഞാൻ പറഞ്ഞു "വേണ്ടെടാ, ഞാൻ അമ്മയുടെ വീട്ടിൽ പോയി ഉണ്ടോളാം". അവൻ പാവം, അത് വിശ്വസിച്ചു തിരികെ പോയി.

                    "രോഹു ചേട്ടാ....." ആരോ നീട്ടി വിളിക്കുന്നു. നോക്കുമ്പോൾ അമ്മാവന്റെ മകൻ നില്ക്കുന്നു, അവന്റെ കൈയിൽ ഒരു പൊതിയും ഉണ്ട്. "ചേട്ടാ, ഇത് പൊതിച്ചോറ് ആണ്. രാവിലെ ഏട്ടന്റെ അമ്മ വിളിച്ചിരുന്നു , ചേട്ടൻ ചോറ്റുപാത്രം എടുക്കാൻ മറന്നു എന്ന് പറഞ്ഞു. അപ്പോൾ അമ്മ എന്റെ കൈയിൽ തന്നു വിട്ടതാ ഇത്. കഴിച്ചോ!!!!" മനസ്സിൽ സന്തോഷം വന്നു, കൂടെ ദുരഭിമാനവും.... "വേണ്ടെടാ, എനിക്കൊന്നും വേണ്ട. വൈകുന്നേരം വീട്ടിൽ പോയിട്ട് ഞാൻ എന്തേലും കഴിച്ചോളാം" അവന്റെ ഒന്ന് രണ്ടു പ്രാവശ്യം നിർബന്ധിച്ചു, പിന്നെ തിരിച്ചു പോയി. ഞാൻ കുപ്പിയിൽ നിന്ന് കുറച്ചു വെള്ളം കുടിച്ചു.

                    "ചേട്ടാ....."  വീണ്ടും ക്ലാസ്സിന്റെ വാതിൽക്കൽ നിന്നൊരു വിളി. നോക്കുമ്പോൾ അമ്മാവന്റെ മകൾ വന്നു നില്ക്കുന്നു. "അതെന്താ കഴിക്കാത്തെ!! വെറുതെ വിശന്നിരിക്കുന്നത് എന്തിനാ? ഇന്നാ കഴിക്ക്" ദുരഭിമാനം വിട്ടു പോവുന്ന ലക്ഷണം കാണുന്നില്ല. "വേണ്ടെടി എനിക്ക്. ഇപ്പൊൾ വിശക്കുന്നില്ല. മാത്രമല്ല ഈ വാട്ടിയ വാഴ ഇലയുടെ മണം എനിക്ക് ഇഷ്ടവും അല്ല". എങ്ങനെയോ ആ നുണ ഉണ്ടായി. അവളുടെ മുഖം വാടി. അവൾ ആ പൊതിച്ചോറുമായി തിരികെ പോയി.

                    അന്നത്തെ ദിവസം മുഴുവനും വിശന്നിരുന്നു. വൈകുന്നേരം വീട്ടിൽ എത്തിയപ്പോൾ അമ്മ ചോദിച്ചു "നീ എന്താ ഉച്ചയ്ക്ക് അവർ കൊണ്ട് വന്ന പൊതിച്ചോർ കഴിക്കാത്തത്?"  നേരത്തെ പറഞ്ഞ കള്ളം ആവർത്തിച്ചു: "വാട്ടിയ വാഴ ഇലയുടെ മണം എനിക്ക് ഇഷ്ടം അല്ല"

                    ഇപ്പോൾ ആ സംഭവം കഴിഞ്ഞിട്ട് പത്തു കൊല്ലത്തിലും അധികം ആയി. എങ്കിലും അത് എന്റെ മനസ്സിൽ നിന്നും മായാതെ കിടക്കുന്നു. അത് കഴിഞ്ഞിട്ട് എത്ര എത്ര പൊതിച്ചോറുകൾ കഴിച്ചിരിക്കുന്നു. എല്ലാ തിങ്കളാഴ്ച്ചകളിലും വീട്ടിൽ നിന്നാണ് കോളേജിൽ പോയിക്കൊണ്ടിരുന്നത്. അപ്പോഴെല്ലാം അമ്മ പൊതിച്ചോർ കെട്ടി തരും. പിന്നെ പ്രവാസം തുടങ്ങിയപ്പോൾ. അവിടെ ഒരു ഹോട്ടലിൽ കിട്ടുമായിരുന്നു പൊതിച്ചോർ. വല്ലപ്പോഴും കിട്ടുന്നത് കൊണ്ട് രുചി ഇത്തിരി കൂടുതലും ആയിരുന്നു. ഇടയ്ക്ക് ആ വാട്ടിയ ഇലയുടെ ഗന്ധം കിട്ടാനായി എന്റെ മനസ്സ് കൊതിച്ചിട്ടുമുണ്ട്.

                    ഇപ്പോഴും ഒരു ഇലയുടെ മുന്നിൽ കഴിക്കാൻ ഇരിക്കുമ്പോൾ ഈ സംഭവം ഓർമ്മ വരും. ഇടയ്ക്ക് കണ്ണുകൾ നിറയുകയും ചെയ്യും. സത്യത്തിൽ ഞാൻ എന്ത് കൊണ്ടാ അന്ന് വേണ്ടാ എന്ന് പറഞ്ഞത് എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. അതിനെ ദുരഭിമാനം എന്നാണോ വിളിക്കേണ്ടത് എന്ന് കൂടി എനിക്കറിയില്ല. ഭക്ഷണത്തിന്റെ വില ഞാൻ ഇന്നറിയുന്നു. ഒരുപാട് ആൾക്കാർ ഭക്ഷണം ഇല്ലാതെ വലയുന്നു. സത്യം പറഞ്ഞാൽ ഈ ലോകത്ത് രണ്ടു തരത്തിൽ ഉള്ള ആളുകൾ ആണ് ഉള്ളത് എന്നാണ് തോന്നുന്നത്. കഴിക്കുമ്പോൾ തൃപ്തി ഉള്ളവരും , ഇല്ലാത്തവരും... എല്ലാവരും ആദ്യത്തെ ഗണത്തിൽ പെടട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു.

പിൻ കുറിപ്പ് :

  • എന്റെ അമ്മാവന്റെ മക്കൾ ഞാൻ പഠിച്ചിരുന്ന അതേ വിദ്യാലയത്തിൽ ആണ് പഠിച്ചിരുന്നത്. എന്നെക്കാളും ഇളയതായിരുന്നു രണ്ടു പേരും 
  • ഈ ബ്ലോഗ്ഗിൽ ഇട്ടിരിക്കുന്ന പൊതിച്ചോറിന്റെ ചിത്രം ഫ്ലിക്കറിൽ നിന്ന് ലഭിച്ചതാണ്

2014, ജൂൺ 14, ശനിയാഴ്‌ച

പുല്ലിംഗം

പുല്ലിംഗത്തിൽ പെട്ടതിനാൽ എന്തും ചെയ്യാം
'നാരീധമന്മാർ' ഒരു പുതു പര്യായം.

അന്നൊരു സൗമ്യ, പിന്നൊരു നിർഭയ
ഇന്നോ രണ്ടു പിഞ്ചു പൈതങ്ങൾ

നിങ്ങൾക്ക് തെറ്റുകൾ ചെയ്യാം
നിങ്ങൾക്ക് കൈയബദ്ധങ്ങൾ ആവാം

ആസ്വദിക്കൂ നിൻ ജീവിതം
ഞെരിഞ്ഞമരുന്നത് നിന്റെ ആരുമല്ലല്ലോ.

ഇനിയും ജനിക്കും പെണ്‍മക്കൾ
അഭിരമിക്കൂ നീ ഗർഭ പാത്രത്തിൽ വച്ച്


അടികുറിപ്പ് : ജൂണ്‍ 15 - ലെ  മാതൃഭൂമി ആഴ്ചപതിപ്പിലെ 'ട്രൂ കോപ്പി' വായിച്ചപ്പോൾ മനസ്സിൽ വന്ന വരികൾ ആണു. ആരെയും താഴ്ത്തി കെട്ടാൻ വേണ്ടിയിട്ട് അല്ല. എന്റെ മനസ്സിൽ ഉള്ളത് എഴുതി എന്ന് മാത്രം.

2014, മാർച്ച് 21, വെള്ളിയാഴ്‌ച

മൂന്ന് കൊന്ന മരങ്ങൾ

എന്റെ ഓർമ്മകളിൽ, എന്റെ മനസ്സിനോട് ചേർന്ന് മൂന്ന് കൊന്നമരങ്ങൾ നില്ക്കുന്നു'. ഞാൻ ഇത് എഴുതുമ്പോൾ അവയിൽ രണ്ടെണ്ണം ഈ ഭൂമിയിൽ ഇല്ല. അതിൽ ആദ്യത്തേത് എന്റെ അമ്മയുടെ തറവാടിനു അരികിൽ ഉള്ളതായിരുന്നു.  എന്റെ കുഞ്ഞു നാളിലെ അത് അവിടെ ഉണ്ടായിരുന്നു. വിഷു ആവുമ്പോഴേക്കും പൂത്തു നില്ക്കുന്ന കാണാൻ എന്ത് ഭംഗിയാണ് എന്നറിയാമോ. ഒരൊറ്റ ഇല പോലും ഉണ്ടാവില്ല. മുഴുവൻ സ്വർണ വർണത്തിലുള്ള കൊന്നപൂക്കൾ. ശ്രീകൃഷ്ണ ഭഗവാന്റെ അരഞ്ഞാണം ആണെന്നാ അമ്മാമ്മ പറഞ്ഞിട്ടുള്ളത്. ഞങ്ങൾ കുട്ടികൾ വിഷുവിനു ഒരുപാട് കൊന്ന പൂവ് പെറുക്കിയിട്ടുണ്ട് അതിൽ നിന്നും. പൊക്കം ഉള്ളത് കൊണ്ട് മുകളിൽ കയറാൻ പറ്റിയിട്ടില്ല. മാമന്മാർ ആരെങ്കിലും ആണ് അവ ഇറുത്തു തരാറ് . ഒരു കെട്ട് കിട്ടിയാൽ എന്തൊരു സന്തോഷമായിരുന്നുവെന്നോ!! ആ സ്ഥലം വിറ്റപ്പോൾ, പുതുതായി വാങ്ങിയവർ അതിന്റെ കടയ്ക്കൽ കോടാലി താഴ്ത്തിയപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. കുട്ടിയായ എനിക്ക് എന്ത് ചെയ്യാനാവും.

മറ്റൊരെണ്ണം അച്ഛന്റെ വീടിനടുത്ത ശ്രീകൃഷ്ണന്റെ അമ്പലത്തിൽ ആയിരുന്നു. കിഴക്ക് വശത്ത് നവഗ്രഹങ്ങളുടെ അടുത്തായിരുന്നു അതിന്റെ സ്ഥാനം. അമ്മയുടെ കൂടെ അമ്പലത്തിൽ പോവുമ്പോൾ കുറച്ചു സമയം അതിന്റെ ചുവട്ടിൽ ചിലവഴിക്കുമായിരുന്നു. ശീവേലി സമയം ആണെങ്കിൽ കുറച്ചൂടെ സമയം കിട്ടും. കണികൊന്നയുടെ പൂവാരി വഴിയിലൂടെ നടക്കുമായിരുന്നു അന്ന്. ഒരു കാറ്റത്ത്‌ അത് വീണു. അന്ന് ഞാൻകണ്ണനോട് പറഞ്ഞത്  ഇന്നും ഓർക്കുന്നു "എന്തിനാ കണ്ണാ, ആ പാവത്തിനെ വീഴ്ത്തിയത്?".

മൂന്നാമത്തേത് ഇന്ന് ഈയുള്ളവന്റെ പറമ്പിൽ ഉണ്ട്. അച്ഛൻ മൂന്നു നാല് തവണ കൊന്ന തയ്കൾ വച്ചിട്ടാണ് ഒരെണ്ണം പിടിച്ചത്. കഴിഞ്ഞ വിഷുവിനു ചെറുതായി പൂത്തു. ഇതിനെ വെട്ടാൻ ആരെയും ഞാൻ സമ്മതിക്കില്ല. വീട് പണി നടക്കുമ്പോൾ ആ കൊന്നയും അതിനടുത്ത അടയ്ക്കാമരവും വെട്ടണം എന്നായിരുന്നു പലരുടെയും അഭിപ്രായം. അത് വെട്ടാതിരിക്കാനായി ഞാൻ പടിപ്പുര വരെ മാറ്റി വയ്പ്പിച്ചു.എന്റെ ജീവിത കാലത്ത് ഒരു മഴു അതിന്റെ ചുവട്ടിൽ വീഴാൻ ഞാൻ സമ്മതിക്കില്ല. അടുത്ത വിഷുവിനു അമ്മ കണി ഒരുക്കുമ്പോൾ അതിന്റെ കൂടെ വയ്ക്കാൻ ഒരു കെട്ട് കൊന്ന പൂക്കൾ എന്റെ കൊന്ന മരം തരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.




അടികുറിപ്പ്: കഴിഞ്ഞ ദിവസം മാതൃഭൂമിയിൽ വന്ന, അദിതിയുടെ 'എന്റെ ഓര്‍മ്മയിലെ കൊന്നമരം' എന്ന ഒരു ബ്ലോഗ്‌ വായിക്കാനിടയായി. അപ്പോഴാണ്‌ എന്റെ ജീവിതത്തിലെ കൊന്നമരങ്ങളെ കുറിച്ച് ഓർമ്മ വന്നത്. മനസ്സിൽ വന്നത് കുറിച്ചു. 

2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

ഞാൻ

ഞാന്‍ എന്ന ഭാവം ആണ്‌ എനിക്ക്
അമ്മയുടെ ഗർഭ പാത്രത്തിൽ മയങ്ങുമ്പോൾ ഞാൻ ആരുമല്ലായിരുന്നു
അമ്മിഞ്ഞപ്പാൽ നുണയുമ്പോഴും ഞാൻ ആരുമല്ലായിരുന്നു
അച്ഛന്റെ കൂടെ ആന കളിക്കുമ്പോഴും ഞാൻ ആരുമല്ലായിരുന്നു.
പള്ളിക്കൂടത്തിൽ പെങ്ങളുടെ കൈ പിടിച്ചു പോവുമ്പോഴും ഞാൻ ആരുമല്ലായിരുന്നു.


പിന്നെ എന്നോ ഞാൻ ഞാനായി
ദേഷ്യക്കാരൻ,  അഹങ്കാരി, സ്വാർത്ഥൻ അങ്ങനെ പുതിയ സുഹൃത്തുക്കളെ കൂടെ കിട്ടി.
അവരായിരുന്നു എന്റെ ഉറ്റ ചങ്ങാതിമാർ.
അവരുമൊത്തുള്ള സഹ വാസം എന്നെ മറ്റുള്ളവരിൽ നിന്നും അകറ്റി.
പക്ഷെ ,ദുരവസ്ഥയിൽ ഇവർ എന്റെ കൂടെ നിന്നില്ല...
ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്ന ഞാൻ ഇന്ന് ഒറ്റപ്പെട്ടു പോയി.


ഞാന്‍ ഇപ്പോൾ എന്നെ തന്നെ വെറുക്കുന്നു.
മറ്റാരെക്കാൾ കൂടുതല്‍ ഞാന്‍ തന്നെ എന്നെ വെറുക്കുന്നു.
മറ്റൊരു കൂട്ടുകാരനെ ഞാൻ കണ്ടു പിടിച്ചു, മരണം...
അവന്റെ ചങ്ങാത്തം കിട്ടാൻ ഇത്തിരി പ്രയാസം ആണ്..

അവനോട് ചങ്ങാത്തം കൂടിയാൽ, എല്ലാവരും എന്റെ കൂട്ടുകാരാകും
പക്ഷെ, മറ്റൊരു ലോകത്തിൽ ആണെന്ന് മാത്രം.